വാൾവീശി കതിരൂർ പെരുമ: ആഘോഷമായി പൊന്ന്യത്തങ്കം; തച്ചോളി ഒതേനൻ - കതിരൂർ ഗുരുക്കൾ അനുസ്മരണം

Mail This Article
കതിരൂർ ∙ കളരി പാരമ്പര്യത്തിന്റെ കതിരൂർ പെരുമ കടൽ കടന്നു കുതിക്കുകയാണ്, പൊന്ന്യത്തങ്കത്തിലൂടെ. സിരകളെ ചൂടുപ്പിടിപ്പിക്കുന്ന കളരി അഭ്യാസങ്ങൾക്കൊണ്ടും വായ്ത്താരി കൊണ്ടും വാൾത്തലപ്പിന്റെയും ഉറുമിയുടെയും ശീൽക്കാരങ്ങൾ കൊണ്ടും മുഖരിതമാവുകയാണ് ഏഴരക്കണ്ടം. അഭ്യാസപ്രകടനങ്ങൾക്കു ശേഷം വിവിധ കലാപരിപാടികൾ. ഗോത്രകല, നാടൻപാട്ട്, ഒപ്പന, മാപ്പിളപ്പാട്ട്, ദഫ്മുട്ട്, പൂരക്കളി, കോൽക്കളി, ഷഹനായ് കച്ചേരി, യോഗ പ്രദർശനം, സംഘനൃത്തം, നാടൻപാട്ട്, കൈക്കൊട്ടിക്കളി, തിരുവാതിരക്കളി, മുടിയേറ്റ് എന്നിങ്ങനെ നീളുന്നു ഉത്സവപ്രതീതിയുണർത്തി പൊന്ന്യത്തെ കലാസന്ധ്യകൾ. ആദ്യദിവസം തന്നെ ഏഴരക്കണ്ടത്തെ വയൽ നിറഞ്ഞു കവിയും വിധത്തിലുള്ള ജനസാഗരമൊഴുകിയെത്തി. കളരിയെയും കലയെയും സ്നേഹിക്കുന്ന ജനങ്ങൾ ഏഴരക്കണ്ടത്തേക്കു കാണികളായെത്തുന്നുണ്ട്. കതിരൂരിൽ കളരിയുടെ മനംമയക്കുന്ന കാഴ്ചകളാണെവിടെയും.
പുല്യോടി പാട്യം ഗോപാലൻ സ്മാരക വായനശാല 2015ൽ ചെറിയ തോതിൽ തുടങ്ങിയ കളരി അഭ്യാസ പ്രദർശനവും മറ്റുമാണ് ഇന്നു കാണുന്ന പൊന്ന്യത്തങ്കത്തിലേക്ക് എത്തിയത്. വായനശാലയുടെ സ്ഥലത്ത് 5 ലക്ഷം രൂപ ചെലവഴിച്ചു മനോഹരമായ അങ്കത്തട്ട് നിർമിച്ചു. 47.5 അടി നീളവും 24.5 അടി വീതിയുമുള്ള അങ്കത്തട്ട് ഏഴരക്കണ്ടത്തിന്റെ പ്രത്യേകതയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ 2019ലാണ് അങ്കത്തട്ട് നാടിനു സമർപ്പിച്ചത്. പാട്യം ഗോപാലൻ സ്മാരക വായനശാല പ്രവർത്തകർ ഇത്തവണ പൊന്ന്യത്തങ്കത്തിന് ആകർഷകമായ പ്രവേശന കവാടമൊരുക്കി.
കളരിയും കലാപരിപാടികളും അണിനിരക്കുമ്പോൾ ഭക്ഷണപ്രിയർക്കായി കേരളീയ ഭക്ഷണശാലയും ലൈവ് കിച്ചനുമൊക്കെ ഒരുക്കിയിട്ടുണ്ട്. അതിനുപുറമേ, വിവിധ തരം സ്റ്റാളുകളും പൊന്ന്യത്തങ്കത്തെ ജനപ്രിയമാക്കുന്നു. നാണയശേഖരത്തിന്റെയും പുരാവസ്തു ശേഖരത്തിന്റെയും സ്റ്റാളുകൾ, കോവളത്തെ കേരള ആർട്ട് ആൻഡ് ക്രാഫ്റ്റ് വില്ലേജിന്റെ വ്യത്യസ്തങ്ങളായ സ്റ്റാളുകൾ, നിയമസഭ മ്യൂസിയം സ്റ്റാൾ, കളരി മ്യൂസിയം സ്റ്റാൾ എന്നിവയും ഏഴരക്കണ്ടത്തിലുണ്ട്.
പൊന്ന്യത്തങ്കത്തിൽ ഇന്നു വൈകിട്ട് 6 മണിക്കു തച്ചോളി ഒതേനൻ - കതിരൂർ ഗുരുക്കൾ അനുസ്മരണം ഫോക്‌ലോർ അധ്യക്ഷൻ ഒ.എസ്.ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് ചെങ്ങന്നൂർ പണിക്കർ കളരി, തൃശൂർ വല്ലഭട്ട കളരി എന്നീ സംഘങ്ങളുടെ കളരി അഭ്യാസ പ്രകടനം, ‘വൈബ്സ് ഓഫ് കേരള’യുടെ സ്റ്റേജ് ഷോ. പൊന്ന്യത്തങ്കം 27നു സമാപിക്കും.